District News
തൊടുപുഴ: ജില്ലാ ആശുപത്രിയില്നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്ന പ്രശ്നത്തില് പരിഹാരം കാണാത്തതില് അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കഴിഞ്ഞ ദിവസം തൊടുപുഴയില് നടത്തിയ സിറ്റിംഗില് വിഷയത്തില് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല് ഓഫീസര്, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന് വിശദീകരണം തേടി. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തിനെത്തുടര്ന്നാണ് കമ്മീഷന് ഇടപെട്ടത്.
മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട് എച്ച്എംസി അംഗമായിരുന്ന വി.എസ്. അബ്ബാസ് 2022ല് നല്കിയ പരാതിയുടെ തുടര്നടപടികളാണ് നാലു വര്ഷമായിട്ടും ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പരിഹാരമില്ലാതെ ഇഴയുന്നത്. പ്രശ്നം ഉടനടി പരിഹരിക്കുമെന്ന് അറിയിച്ച് 2022 മാര്ച്ച് 25ന് ജില്ലാ മെഡിക്കല് ഓഫീസര് കമ്മിഷന് റിപ്പോര്ട്ട് നല്കിയിരുന്നു. ഈ നിര്ദേശം നടപ്പാക്കി പുതിയ റിപ്പോര്ട്ട് സമര്പ്പിക്കാത്തതിനെത്തുടര്ന്നാണ് വീണ്ടും കമ്മീഷന്റെ ഇടപെടല്.
ന്യൂമാന് കോളജ് - കാരിക്കോട് റോഡില് ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ പിന്ഭാഗത്ത് രണ്ടിടത്തുനിന്നായാണ് മലിനജലം ഉറവപോലെ പുറത്തേക്ക് ഒഴുകുന്നത്. ആശുപത്രിയിലെ കുളിമുറിയില്നിന്നും മാലിന്യടാങ്കില്നിന്നും പ്രവഹിക്കുന്ന മലിനജലമാണിത്. പലപ്പോഴും ദുര്ഗന്ധംമൂലം റോഡിലൂടെ പോകുമ്പോള് മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.
റോഡരികിലെ ചെറിയ ഓടയിലൂടെ ഒഴുകുന്ന ജലം സമീപത്തെ ചെറുതോട്ടിലേക്കും ഇവിടെനിന്ന് തൊടുപുഴയാറിലേക്കുമാണ് എത്തുന്നത്. മഴക്കാലത്ത് മഴവെള്ളത്തിനൊപ്പം കലരുന്നതിനാല് ഈ ഭാഗത്തെ റോഡ് നിറയെ മലിനജലമാണ്. ഇത് ശരിവച്ചുള്ള റിപ്പോര്ട്ടാണ് ഡിഎംഒയും മനുഷ്യാവകാശ കമ്മിഷന് നല്കിയത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ വിഷയത്തിന് പരിഹാരം പുതിയ മാലിന്യടാങ്ക് നിര്മിക്കുകയെന്നതാണ്. സമീപമുള്ള ജില്ലാ ആയുര്വേദ ആശുപത്രിയുടെ ഉടമസ്ഥതയിലെ സ്ഥലത്ത് ടാങ്ക് നിര്മിച്ചാല് പ്രശ്നം പരിഹരിക്കപ്പെടും. മുമ്പ് ജില്ലാ ആശുപത്രിയുടെ ഉടമസ്ഥതയിലിരുന്ന ഈ സ്ഥലം ആയുര്വേദ ആശുപത്രി വികസനത്തിനായി സര്ക്കാര് വിട്ടുനല്കിയതാണ്. ഇവിടെ ആശുപത്രിയുടെ സൗകര്യത്തിനനുസരിച്ച് കുറഞ്ഞത് 30 സെന്റ് സ്ഥലമെങ്കിലും ടാങ്കിനായി ആവശ്യമാണ്. ഇത്രയും സ്ഥലം വിട്ടുകിട്ടാനായുള്ള നടപടികള് ഇതുവരെയും പുരോഗമിച്ചിട്ടില്ല. ജില്ലാ ആശുപത്രിയുടെ നിലവിലുള്ള മാലിന്യ ടാങ്ക് നിര്മിച്ചിരിക്കുന്നത് പാറപ്പുറത്താണെന്നും ആക്ഷേപമുണ്ട്.
District News
കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് "നല്ല ചായ നല്ല തുടക്കം' പ്രഭാതഭക്ഷണ വിതരണപദ്ധതി ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ജില്ലാ ആശുപത്രിയില് അഡ്മിറ്റ് ആകുന്ന രോഗികള്ക്ക് പ്രഭാതഭക്ഷണം നല്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാമിന്റെ മേല്നോട്ടത്തില് ജില്ലയിലെ വികസന ക്ഷേമ പ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലയില് പ്രവര്ത്തികുന്നവരുമായി സംവദിക്കുകയും അഭിപ്രായങ്ങളും നിര്ദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതില് ലഭിച്ച നിര്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഭാത ഭക്ഷണം പദ്ധതി ആസൂത്രണം ചെയ്തത്.
ഇതിനായി ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില് നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി മാനദണ്ഡപ്രകാരം കുടുംബശ്രീ സംരംഭങ്ങളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയിലെ കണ്ണകി കുടുംബശ്രീ സംരംഭമാണ് പദ്ധതി ഏറ്റെടുത്തത്. രാവിലെ 7.30 മുതല് 8.30 വരെയാണ് ഭക്ഷണവിതരണം. ആദ്യദിനം പുട്ടും കടലക്കറിയും ചായയുമാണ് നല്കിയത്. 121 പേര്ക്കാണ് ഇന്നലെ ഭക്ഷണം നല്കിയത്.
ഗോവിന്ദന് പള്ളിക്കാപ്പില് എംഎല്എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് വി.വി. രമേശന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, സ്ഥിരംസമിതി അധ്യക്ഷരായ ഇര്ഫാന ഇക്ബാല്, എം. മനു, ഒക്ലാവ് കൃഷ്ണന്, റീന തോമസ്, അംഗങ്ങളായ കെ. സബീഷ്, ഡോ. സെറീന സലാം, ടി.വി. രാധിക, ജില്ലാ ആശുപത്രി ആര്എംഒ ഡോ. ബി. ഷഹര്ബാന, നഴ്സിംഗ് സൂപ്രണ്ട് സി. ലളിതാംബിക എന്നിവര് പ്രസംഗിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ സ്വാഗതവും പി. പ്രിയ നന്ദിയും പറഞ്ഞു.
District News
ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയ്ക്ക് കരുത്തേകി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ പുതിയ സമുച്ചയം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് ആറിന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കിഫ്ബിയിൽനിന്നും 100 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴുനിലകളോടുകൂടിയ അത്യാധുനിക കെട്ടിടമാണ് രോഗികൾക്കായി സജ്ജമായിരിക്കുന്നത്. 1,25,000 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിൽ 250 കിടക്കകളാണുള്ളത്. പുതിയ കെട്ടിടത്തിനു സമീപമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ തുടർന്നും പ്രവർത്തിക്കും.
ജനറൽ മെഡിസിൻ മുതൽ മാനസികാരോഗ്യ വിഭാഗം വരെ നീളുന്ന വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് അത്യാധുനിക മോഡുലാർ തിയറ്ററുകൾ. കണ്ണിനുവേണ്ടി പ്രത്യേക തിയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് ട്രോമാ കെയർ സംവിധാനമുണ്ടാകും. രോഗികളുടെ അവസ്ഥയുടെ കാഠിന്യം അനുസരിച്ച് ചികിത്സ നിശ്ചയിക്കുന്ന ട്രയേജ് (ചുവപ്പ്, മഞ്ഞ, പച്ച വിഭാഗങ്ങൾ) സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഡയാലിസിസ് യൂണിറ്റ്, കേന്ദ്ര ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവയും സജ്ജമാണ്.
1942ൽ സർ സി.പി. രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂർത്തി സ്മരണയ്ക്കായി നിർമിച്ച പഴയ കെട്ടിടത്തിന് പകരമാണ് ഈ പുതിയ വിസ്മയം ഉയർന്നിരിക്കുന്നത്. 2015ൽ ജില്ലാ ആശുപത്രിയായി ഉയർത്തപ്പെട്ട സ്ഥാപനം കഴിഞ്ഞ ആറുവർഷത്തെ കഠിനപ്രയത്നത്തിനൊടുവിലാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നത്. രണ്ടു മാസത്തിനുള്ളിൽ ആശുപത്രി പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റാഫ് കുറവ് പരിഹരിക്കുന്നതിനായി പുതിയ തസ്തികകൾ അനുവദിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വിദഗ്ധ സമിതി. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദർ രണ്ടുതവണ 5000 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിൽ മൊഴി നൽകിയിരിക്കുന്നത്. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തിയാണ് മൊഴി എടുത്തത്.
ഇന്നുതന്നെ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുന്നത്. ഡോ. ബിന്ദു സുന്ദര് കൈക്കൂലി വാങ്ങിയെന്ന ബിനിലിന്റെ മൊഴിയുമായി ബന്ധപ്പെട്ട തെളിവുകളും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്. ചികിത്സാ പിഴവാണോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നമാണോ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.
ആരോഗ്യമന്ത്രിക്ക് പൂർണമായ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ബിന്ദു സുന്ദർ എന്ന ഡോക്ടറിന്റെ പേരിൽ വരുന്ന ആദ്യത്തെ പരാതിയല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരേ പ്രതിഷേധം ശക്തമായി. ഡോക്ടറെ സസ്പെൻഡ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കോൺഗ്രസ്, ബിജെപി പ്രവർത്തകർ ആശുപത്രി ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി.
അതിനിടെ, കുഞ്ഞ് മരിച്ച സംഭവത്തിൽ കണ്സള്ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ നിര്ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല് കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്ട്ട് നല്കാന് നിര്ദേശം നല്കി.
എന്നാൽ നടപടി കണ്ണിൽ പൊടിയിടാനാണെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടർക്കെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ റീന അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളജിൽ നിന്നുള്ള സംഘം ഇന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തും.
കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാൻ നിര്ദേശിക്കുകയായിരുന്നു. പുലർച്ചെ നാലോടെ യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ടോടെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടർ അറിയിച്ചത്. ഇതേ തുടർന്ന് ചികിത്സപിഴവ് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതികരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു.
പ്രസവ സമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി. 1500 ഓളം പ്രസവങ്ങളും 600 ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയറായ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തതെന്നും അസോസിയേഷൻ പ്രതികരിച്ചു.
പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത്. അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ കൂട്ടിച്ചേർത്തു.
District News
നിലന്പൂർ: മലയോര ജനതയുടെ ഹൃദ്രോഗ ചികിത്സയ്ക്ക് നിലന്പൂർ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് സർക്കാരിന്റെ അവഗണന. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്സുമാർ അടക്കമുള്ള അനുബന്ധ ജീവനക്കാരെയും നിയമിച്ച് കാർഡിയോളജി വിഭാഗം പ്രവർത്തന സജ്ജമാക്കണമെന്ന ആവശ്യം നിലനിൽക്കേ നിലന്പൂരിലേക്ക് ജനറൽ സർജൻ തസ്തിക മാത്രമാണ് അനുവദിച്ചത്.
ഏക ചികിത്സാകേന്ദ്രം
സർക്കാർ തലത്തിൽ മലയോരമേഖലയുടെ ഏക ചികിത്സാ കേന്ദ്രമാണ് നിലന്പൂർ ജില്ലാ ആശുപത്രി. എന്നാലിവിടെ വികസനം നടപ്പാകുന്നില്ലെന്നാണ് പരാതി. നിലന്പൂർ താലൂക്കിൽനിന്നുള്ള രോഗികൾക്ക് പുറമേ ഗൂഢല്ലൂർ താലൂക്കിൽനിന്നുള്ളവരും നിലന്പൂർ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. ഗൂഢല്ലൂരിൽനിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ സുൽത്താൻ ബത്തേരിയിലോ ഉൗട്ടി, കോയന്പത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലോ പോകണം. അതിനാൽ രോഗികൾ നിലന്പൂർ ജില്ലാ ആശുപത്രിയെ ആശ്രയിക്കാറാണ് പതിവ്.
സൂപ്പർ സ്പെഷാലിറ്റി ഇല്ല
നിലവിൽ ഇവിടെ സൂപ്പർ സ്പെഷാലിറ്റി പ്രവർത്തിക്കുന്നില്ല. തിരൂർ ജില്ലാ ആശുപത്രിക്ക് നെഫ്രോളജി വിഭാഗവും ന്യൂറോളജി വിഭാഗവും അനുവദിച്ചു. ഫിസിഷ്യൻ, കുട്ടികളുടെ ചികിത്സ, ഗൈനക്കോളജി വിഭാഗങ്ങളിൽ നിലന്പൂരിൽ നാലുവീതം ഡോക്ടർമാരുണ്ട്. ഇഎൻടി, ഒപ്താൽമോളജി, ഓർത്തോ വിഭാഗങ്ങളിൽ മൂന്നുവീതവും അനസ്തേഷ്യ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരുമുണ്ട്.
അർബുദം, തൊലി, നെഞ്ച്രോഗം എന്നീ വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരും പാത്തോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുമുള്ള ആശുപത്രിയിൽ രക്തബാങ്കുമുണ്ട്. അത്യാഹിത വിഭാഗത്തിൽ ഒന്പത് ഡോക്ടർമാരുടെ സേവനവും നിലവിൽ ലഭ്യമാണ്.
എന്നാൽ ഹൃദ്രോഗരോഗികൾക്ക് ആശ്വാസം നൽകാൻ ഈ ആതുരാലയത്തിനാകുന്നില്ല. സ്വകാര്യമേഖലയിലെ ചികിത്സക്ക് വലിയ ചെലവ് വരുന്നതിനാൽ
ആവശ്യം ശക്തം
നിലന്പൂർ ജില്ലാ ആശുപത്രിയിൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. കാത്ത് ലാബ് ഒരുക്കാൻ സർക്കാർ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അതിനാവശ്യമായ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കാത്ത് ലാബ് പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലാ ആശുത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങാനാകുമെന്നാണ് അധികൃതർ പറയുന്നത്.